Saturday, September 26, 2009

കടല്‍ സമ്പത്തിനെ കുറിച്ച് വിവരിക്കുക (ഒരു വിവരണം)

ഓണം പരീക്ഷ ഒക്കെ കഴിങ്ങു ഇനി ട്യൂഷന്‍ സാറന്മാര്‍ക്ക്‌ പരീക്ഷ പേപ്പര്‍ നോക്കുക എന്നതാണ് അകെ ഉള്ള ജോലി. ഇത് എങ്ങനെ എങ്കിലും നോക്കി കൊടുത്താല്‍ ആ ഭാരിച്ച ജോലി തീര്‍ന്നല്ലോ എന്നും പറങ്ങു ട്യൂഷന്‍ സെന്ററിന്റെ മുന്നില്‍ തന്നെ ഒന്നിച്ചിരുന്നു പേപ്പര്‍ നോക്കുക ആണ് നമ്മള്‍ എല്ലാവരും, അതിനിടക്ക് മറ്റുള്ളവരെ എങ്ങനെ കളിയാക്കാം എന്ന് റിസര്‍ച്ച് ചെയ്യുന്ന ചില ആശാന്മാരും ഉണ്ട്. പക്ഷെ അങ്ങ് മൂലയ്ക്ക് ആരേം ശല്യം ഇല്ലാതെ ഒറ്റയ്ക്ക് ജോഗ്രഫി പേപ്പര്‍ നോക്കുന്ന കുറുപ്പ് സാറിനെയും കാണാം, കുറുപ്പ് സാര്‍ എന്ന് പറഞാല്‍ പണ്ട് ഞാന്‍ ഇതേ സ്ഥാപനത്തില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ഒന്നേ, രണ്ടേ ............ എന്ന് എണ്ണാന്‍ പഠിപ്പിച്ച ആളാണ്. ദൈവ ഭാഗ്യം കൊണ്ട് ഞാന്‍ അവിടെ പഠിപ്പിക്കാന്‍ ചെന്നപ്പോളും സാര്‍ അവിടെ തന്നെ ഉണ്ട്, എന്റെ ഭാഗ്യം കൊണ്ട് ആണോ അതോ സാറിന്റെ ഭാഗ്യം കൊണ്ട് ആണോ എന്നറിയില്ല നമ്മള്‍ തമ്മില്‍ ഇപ്പോള്‍ വാടാ പോടാ ബന്ധമാണ്. ഞാന്‍ മാത്രമല്ല ഈ ഇരുന്നു പേപ്പര്‍ നോക്കുന്ന മിക്ക ആളുകളും ഒരു കാലത്ത് സാറിന്റെ ശിക്ഷ്യ ഗണങ്ങള്‍ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ഒന്നിച്ചു വാട്ടീസ്‌ അടിക്കുമ്പോള്‍ സാര്‍ അതൊക്കെ വിളിച്ചു പറയാറും ഉണ്ട്. "നിന്നെ ഒക്കെ അന്ന് ഞാന്‍ അടിച്ചു പഠിപ്പിച്ചത് കൊണ്ട് നീയൊന്നും ചീത്ത ആയില്ലല്ലോ എന്ന്", കേള്‍കുമ്പോള്‍ ഇതില്‍ കൂടുതല്‍ ഇനി എന്തോന്ന് ചീത്ത ആകാന്‍ എന്ന് നമ്മള്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്.
ഇനി കാര്യത്തിലേക്ക് വരാം പേപ്പര്‍ നോക്കി കൊണ്ടിരുന്ന സാര്‍, തന്നെ ചിരിക്കുന്നത് കണ്ടാണ്‌ നമ്മള്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചത്, എന്താണ് സാര്‍ എന്നാ ആള്‍കാരെ ചോദ്യം വക വയ്ക്കാതെ സാര്‍ ഒറ്റയ്ക്ക് ചിരിക്കുക ആണ്. എന്തോ തമാശക്കുള്ള വക ഉണ്ട് എന്ന് മനസിലാക്കിയ നമ്മള്‍ എല്ലാരും സാറിന്റെ അടുത്ത് കൂടി. കയ്യില്‍ ഇരുന്ന ഒരു പരീക്ഷ പേപ്പര്‍ നമ്മളെ കാണിച്ചു സാര്‍ അത് വായിക്കാന്‍ ആരംഭിച്ചു,
അതിലെ കുറച്ചു ഭാഗങ്ങള്‍ ഞാന്‍ വിവരിക്കാം
( 10 ഇലെ ജോഗ്രഫി പേപ്പര്‍ ആണ് )
പേര് : അത് പറഞാല്‍ ആ കൊച്ചിന്റെ ബാപ്പ എന്നെ വെടി വച്ച് കൊല്ലും
ക്ലാസ്സ്‌ : 10 C
വിഷയം : ജോഗ്രഫി
ചോദ്യം: "നമ്മുടെ കടല്‍ സമ്പത്തിനെ കുറിച്ച് 3 പേപ്പറില്‍ കുറയാതെ ഉപന്യസിക്കുക"???
ഉത്തരം:
കടലില്‍ ഉണ്ടാകുന്ന സമ്പത്തിനെ ആണ് പ്രതാനമായും കടല്‍ സമ്പത്ത് എന്ന് പറയുന്നത് ഇതില്‍ ഏറ്റവും പ്രതാനപെട്ടത്‌ കടലിലെ മീനുകള്‍ ആണ് , മറ്റൊരു പ്രതാനപെട്ട സമ്പത്ത് കടല്‍ വെള്ളം ആണ് (ഹിന്ദുക്കള്‍ക്ക് ആണ് ഇത് ഏറ്റവും പ്രതാനപെട്ടത്‌, വെള്ളം തീര്‍ന്നു പോകുമോ എന്നുള്ള പേടി കൊണ്ട് ആകണം അവര്‍ അത് കുപ്പിയില്‍ ഒക്കെ എടുത്തു വീട്ടില്‍ കൊണ്ട് വച്ചേക്കുന്നത്, ഒരു കാലത്ത് കടല്‍ വെള്ളം തീര്‍ന്നു പോയാല്‍ കണ്ടോടി കടല്‍ വെള്ളം എന്നും പറങ്ങു വീട്ടിലെ സ്ത്രീകള്‍ക്ക് അപ്പുറത്തെ വീട്ടിലെ സ്ത്രീകളെ കാണിക്കാമല്ലോ)
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും കടലിലെ ഏറ്റവും പ്രതാന സമ്പത്ത് മീന്‍ തന്നെ ആണ്. കടല്‍ മീനിനെ നമുക്ക് പ്രതാനമായും രണ്ടായി തരാം തിരിക്കാം ഒന്ന് - "മുട്ട ഇടുന്ന മീന്‍", രണ്ടു - "മുട്ട ഇടാത്ത മീന്‍ " (ഈ തരം തിരിവ് എങ്ങനെ ആണ് എന്ന് എനിക്കിപ്പോളും മനസിലായിട്ടില്ല). മീനില്‍ തന്നെ പല നിറം പല ഗുണം എന്നിങ്ങനെ തരം തിരിക്കാം അതില്‍ പ്രതാനമായും ചൂര , മത്തി , അയല, കാരി , കൊഞ്ച് , വാള, കൊഴിയാള, കാരല്‍............(ഇങ്ങനെ തുടങ്ങി ആ പേപ്പറിന്റെ അര പേജോളം പല തരം മീനുകളുടെ പേരാണു, പക്ഷെ എല്ലാം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല). ആളുകളുടെ കയ്യിലെ പയിസ അനുസരിച്ചാണ് മീനുകള്‍ ആള്‍കാര്‍ വെടിക്കുന്നത്,രാവിലെ മീനുമായി വരുന്ന ബീരാനിക്ക വീടിന്റെ മുന്നില്‍ വന്നു നിന്ന് കോഓഓഓഓഓഓഒ എന്ന് ഉച്ചത്തില്‍ വിളിക്കും അത് കേള്‍കുമ്പോള്‍ ബാപ്പ ഉമ്മയോട് പറയും എടി 10 രൂപ ആ ഉടുപ്പിന്റെ പോക്കറ്റില്‍ കാണും എടുത്തു കൊണ്ട് പൊയ് പണ്ടാരമടങ്ങ്‌ അത് കേട്ട ഉമ്മ പോസ്റ്റുമാന്‍ ലെറ്റര്‍ എടുക്കാന്‍ പോസ്റ്റ്‌ ബോക്സില്‍ തപ്പുന്ന പോലെ ആ ഉടുപ്പില്‍ തപ്പി പത്തു രൂപ സങ്കടിപ്പിക്കും അത് കിട്ടി കഴിങ്ങള്‍ പിന്നെ ഉമ്മ ഒരു ഓട്ടമാണ് ബീരനിക്കയുടെ അടുത്തേക്ക്,ഓടുന്ന കണ്ടാല്‍ തോന്നും ബീരാനിക്ക പണ്ട് ഉമ്മയുടെ ക്ലാസ്സ്മറ്റെസ് ആണ് എന്ന്. കൂടെ പുറകെന്നു നമ്മളും ഓടും നമ്മള്‍ ചെല്ലുമ്പോഴേക്കും മീന്‍ എല്ലാം തീര്‍ന്നിട്ടുണ്ടാകും എന്നാലും കയ്യില്‍ ഉള്ളതിന് വല്ല മതിയോ മറ്റോ വാങ്ങും. പണക്കാര്‍ ചൂരയും അയലയും ഒക്കെ വാങ്ങുമ്പോള്‍ നമ്മള്‍ പാവപെട്ടവര്‍ മത്തി കൊണ്ട് കാലം കഴിക്കും (ഇങ്ങനെ തുടങ്ങി ഏകദേശം ഒരു പേജോളം അത് കറി വയ്ക്കുന്നത് എങ്ങനെ എന്നൊക്കെ വിവരിച്ചിരിക്കുക ആണ്)
ഇനി മറ്റൊരു കടല്‍ സമ്പത്താണ് കടലിന്റെ കരയിലെ മണല്‍ തിട്ട, കടല്‍ വെള്ളം കേറി ആണ് അത് രൂപപെടുന്നത് കൊണ്ട് അതിനെ കടല്‍ സമ്പത്ത് എന്ന് വേണേല്‍ പറയാം, ഈ മണല്‍ തിട്ട കൊണ്ട് നമുക്ക് യാതൊരു ഉപയോഗവും ഇല്ല, ഇത് കൊണ്ട് പ്രതാന ഉപയോഗം ഉള്ളത് വീടില്ലാത്ത സായിപ്പിനും സായിപ്പിന്റെ ഭാര്യക്കും ആണ്, നമ്മള്‍ കണ്ടിട്ടില്ലേ അവര്‍ നമ്മുടെ കടല്‍ പുറത്തു വന്നു തുണി ഒക്കെ ഇല്ലാതെ(അയ്യേ നാണക്കേട്‌) കിടക്കുന്നത്, അവരുടെ രാജ്യത്ത് അവര്‍ക്ക് കിടക്കാന്‍ സ്ഥലവും വീടും ഇല്ലാത്തതു കൊണ്ട് ആണ് അവര്‍ നമ്മുടെ മണല്‍ തിട്ടകളെ ആശ്രയിക്കുന്നത് (ഇനി ഒരു പേജ് സയിപ്പിന്റെം ഭാര്യയുടെം ജീവിത രീതികള്‍ ആണ്)
കടലിന്റെ സമ്പത്ത് അല്ലങ്കിലും കടലിനു മറ്റൊരു പ്രതിഭാസം ഉണ്ട്, നമ്മള്‍ ആരേലും കടലിന്റെ കരയില്‍ ചെന്ന് "കടലമ്മ കള്ളി" എന്ന് എഴുതി വച്ചാല്‍ കടല്‍ ഉറപ്പായും അത് വന്നു മായ്ച്ചു കളയും അത് കൊണ്ട് നമ്മുടെ വീടിന്റെ അപ്പുറത്തെ ഗോമതി അക്കയുടെ വീടിന്റെ പുറകില്‍ ഞാന്‍ ആരും കാണാതെ "കടലമ്മ കള്ളി" എന്ന് എഴുതി വച്ചിട്ടുണ്ട് അവര്‍ക്ക് പണ്ടേ അല്പം കുഴപ്പമാ, പക്ഷെ എഴുതി വച്ചിട്ട് ഒരു മാസം ആയി എന്താ കടല്‍ വരാത്ത എന്ന് ഞാന്‍ ഇന്നാള് ഉമ്മയോട് ചോദിച്ചു അപ്പോളാണ് ഉമ്മ പറഞ്ഞത് 100 KM ഉണ്ടായോണ്ട് കടല്‍ വരാന്‍ സമയം എടുക്കും എന്ന്, പക്ഷെ ഞാന്‍ എന്നും പൊയ് നോക്കുന്നുണ്ട് അത് അവിടെ തന്നെ ഉണ്ട് കടല്‍ എന്നേലും വരുമായിരിക്കും,വന്നില്ലങ്കില്‍ ശെരിക്കും കടലമ്മ കള്ളി തന്നെ ആണ്.
കുറുപ്പ് സാറെ,സാര്‍ പഠിപ്പിച്ച എല്ലാ കാര്യങ്ങളും എനിക്ക് ഓര്‍ത്തു ഇരിക്കാന്‍ ഒത്തില്ല അത് കൊണ്ട് ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കുറിക്കുന്നത് സാര്‍ എനിക്ക് 10 മാര്‍ക്കില്‍ 9 മാര്‍ക്ക്‌ എങ്കിലും തരണം കാരണം പത്താം തരം ജയിചില്ലേല്‍ കെട്ടിച്ചു വിടും എന്ന് ആണ് എന്നോട് ബാപ്പ പറഞിരിക്കുന്നത്.
ഇവളെ ഒക്കെ കെട്ടിച്ചു വിടുന്നത് തന്നെ ആണ് നല്ലത് എന്ന് മാത്രമേ നമുക്ക് എല്ലാര്‍ക്കും പറയാന്‍ ഉണ്ടായിരുന്നോള്. പരീക്ഷ പേപ്പര്‍ കൊടുക്കാന്‍ നേരം കുറുപ്പ് സാര്‍ ഈ പേപ്പര്‍ മാത്രം കൊടുത്തില്ല പകരം നമ്മുടെ കഥാ പാത്രത്തിന്റെ ബാപ്പയെ വിളിച്ചു പേപ്പര്‍ കയ്യോടെ വായിച്ചു കേള്‍പ്പിച്ചു, അന്ന് ആ കുട്ടിയെയും കൊണ്ട് പോയ ബാപ്പ പിന്നെ വന്നത് അതിന്റെ നിക്കാഹു പറയാന്‍ ആയിരുന്നു.
സ്നേഹത്തോടെ വിനോദ് ഗോപാല്‍

No comments:

Post a Comment